തിരുവനന്തപുരം: എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 4,100 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഞായറാഴ്ച രാത്രി ഉച്ചക്കടയും പുഞ്ചക്കരിയും കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ബീമാപള്ളി സ്വദേശി അമീൻ (42) ആണ് കേസിൽ പിടിയിലായത്. ഇയാളെ പിഴ ഈടാക്കി ശേഷം വിട്ടയച്ചതായി എക്സൈസ് അറിയിച്ചു.
എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ചും ചേർന്നാണ് പരിശോധന നടത്തിയത്. ശംഭു, ഗണേഷ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഉച്ചക്കടയിൽ സ്‌കൂട്ടറിലെത്തിയ അമീൻ കടയിൽ വിൽപ്പന നടത്തുന്നതിനിടെയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. സ്‌കൂട്ടറിൽ 100 കിലോ പുകയില ഉത്പന്നങ്ങൾ കണ്ടെത്തി.
തുടർന്ന് ചോദ്യംചെയ്തപ്പോൾ പുഞ്ചക്കരിയിലെ വാടകവീട്ടിൽ കൂടുതൽ സ്റ്റോക്ക് ഉണ്ടെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അവിടെ നിന്ന് 4,000 കിലോ പുകയില ഉത്പന്നങ്ങൾ കൂടി കണ്ടെത്തി. അസിസ്റ്റന്റ് എക്സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർ ബിജുരാജ്, പ്രിവന്റീവ് ഓഫീസർ ഷാജു പി.ബി. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.






