ജെറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഓഫീസ് സ്ഥിരീകരിച്ചു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. ഹദാസ എയിൻ കെരം മെഡിക്കൽ സെന്ററിലാണ് അദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്. ദന്തചികിത്സയ്ക്കായാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
76 വയസ്സുള്ള നെതന്യാഹുവിന്റെ ആരോഗ്യനിലയെക്കുറിച്ച് ഇറാൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ പല അഭ്യൂഹങ്ങളും നേരത്തെയും പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്തകൾ വരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം വീഡിയോ പങ്കുവച്ച് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. നെതന്യാഹു ജനങ്ങളുമായി സംസാരിക്കുകയും ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.
ഇതിനിടെ, എഐ നിർമ്മിത വീഡിയോയാണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. വീഡിയോയിൽ അദ്ദേഹത്തിന്റെ കൈയിൽ ആറു വിരലുകൾ കാണപ്പെട്ടതായുള്ള പ്രചാരണം മരണവാർത്ത വീണ്ടും ശക്തമാക്കി. പിന്നാലെയാണ് അദ്ദേഹം മറ്റൊരു വീഡിയോയും പുറത്തുവിട്ടത്. അദ്ദേഹം കഴിഞ്ഞ മാസം പ്രോസ്റ്റേറ്റ് ട്യൂമറിന് റേഡിയേഷൻ ചികിത്സ നടത്തിയതായി സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു. 2023-ൽ പേസ്‌മാക്കർ ഘടിപ്പിക്കുകയും 2024-ൽ ഹെർണിയ ശസ്ത്രക്രിയയും പ്രോസ്റ്റേറ്റ് ശസ്ത്രക്രിയയും നടത്തുകയും ചെയ്തിരുന്നു.






