മസ്കറ്റ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതിനിടെ ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ സൈനിക ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിൽ സൗദി, ഖത്തർ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഒമാൻ നിലപാട് വ്യക്തമാക്കിയത്. ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ ആക്രമണങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും, സൗദി-ഖത്തർ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം അതീവ ആശങ്കാജനകമാണെന്നും ഒമാൻ വ്യക്തമാക്കി.
ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ എന്നീ സഹോദര രാജ്യങ്ങളുടെ സുരക്ഷ, സ്ഥിരത, പരമാധികാരം, ദേശീയ താൽപര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും ഒമാൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സൈനിക സംഘർഷം രൂക്ഷമാകുന്നത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും മാത്രമല്ല, അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഊർജവിതരണ ശൃംഖലയ്ക്കും ഗുരുതര ഭീഷണിയാണെന്ന് ഒമാൻ മുന്നറിയിപ്പ് നൽകി.
സാധാരണ ജനങ്ങളെയും വാണിജ്യ കപ്പലുകളെയും അപകടത്തിലാക്കുന്ന ഏത് നടപടികളെയും രാജ്യം തള്ളിക്കളയുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മേഖലയിൽ കൂടുതൽ സംഘർഷം ഒഴിവാക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും സൈനിക നടപടികൾ അവസാനിപ്പിച്ച് സംഭാഷണത്തിനും നയതന്ത്ര പരിഹാരങ്ങൾക്കും മുൻഗണന നൽകണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
മുൻപ് കൈവരിച്ച ധാരണകളും കരാറുകളും പൂർണമായി നടപ്പാക്കുന്നതിലൂടെ മേഖലയിൽ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താൻ എല്ലാ വിഭാഗങ്ങളും പ്രതിബദ്ധത കാണിക്കണമെന്നും ഒമാൻ അഭ്യർഥിച്ചു.











