തിരുവനന്തപുരം: ശബരിമലയിൽ ശുചിത്വവും സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്ന സമഗ്ര പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് ശബരിമല ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന പ്രത്യേക ബോർഡ് യോഗത്തിന് ശേഷമാണ് അദ്ദേഹം തീരുമാനങ്ങൾ വിശദീകരിച്ചത്.
അയ്യപ്പസ്വാമിക്ക് പ്രത്യേകമായി പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും പുതിയ രീതിയിലുള്ള ‘സംഗമങ്ങൾ’ സംഘടിപ്പിക്കാൻ ബോർഡിന് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിജിലൻസിന്റെ സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ എല്ലാ സാമ്പത്തിക ഇടപാടുകളും ഘട്ടംഘട്ടമായി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റും. വഴിപാട് ബുക്കിങ് ഉൾപ്പെടെയുള്ള എല്ലാ പേയ്‌മെന്റുകൾക്കും ഡിജിറ്റൽ സംവിധാനം നിർബന്ധമാക്കും. തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള 608 മുറികളിൽ 550 മുറികളും ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കും.
മുറികൾക്കായി നിലവിലുണ്ടായിരുന്ന ഡെപ്പോസിറ്റ് സംവിധാനം ഒഴിവാക്കി, പകരം 50 രൂപ സർവീസ് ചാർജ് മാത്രം ഈടാക്കാനും തീരുമാനിച്ചു. മുറികളുടെ ശുചിത്വം ഉറപ്പാക്കാൻ ഹൗസ് കീപ്പിങ് ചുമതല പുറം ഏജൻസിക്ക് നൽകും. ശബരി ഗസ്റ്റ് ഹൗസിന് സമീപം പുതിയ ഗസ്റ്റ് ഹൗസും നിർമിക്കും. വിർച്വൽ ക്യൂ ടിക്കറ്റിനൊപ്പം നിലവിലുള്ള അഞ്ച് രൂപ സേവനനിരക്ക് തുടരും.
സുരക്ഷയും തിരക്ക് നിയന്ത്രണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പമ്പയിൽ പുതിയ കൺട്രോൾ റൂം സ്ഥാപിക്കും. ഇവിടെ നിന്ന് പമ്പയിലെയും സന്നിധാനത്തെയും ഡിജിറ്റൽ സംവിധാനങ്ങൾ ഏകോപിപ്പിച്ച് നിരീക്ഷിക്കാനാകും. ഇതിനായി 450 ക്യാമറകൾ സ്ഥാപിക്കാനും, ഭാവിയിൽ എ.ഐ. ക്യാമറകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും ബോർഡ് തീരുമാനിച്ചു.
മരാമത്ത് പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ സ്വതന്ത്ര ടെക്നിക്കൽ ഓഡിറ്റ് സംഘത്തെ നിയോഗിക്കും. സന്നിധാനത്ത് പുതിയ തീർഥക്കുളം നിർമിക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, ശബരിമലയിൽവെച്ച് മരിക്കുന്ന തീർഥാടകരുടെ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ ധനസഹായം നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. കഴിഞ്ഞ വർഷം മാത്രം 54 തീർഥാടകർ ശബരിമലയിൽ മരിച്ചതായും ബോർഡ് അറിയിച്ചു.


