കൊച്ചി: കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തവളച്ചാൽ കുഴിയിൽ ശാന്ത (57) ആണ് വീടിന് മുന്നിലെ കിണറ്റിൽ വീണത്. ഉച്ചയ്ക്ക് 12 മണിയോടെ വെള്ളം കോരുന്നതിനിടെ ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് അവർ വീണത്. ശാന്ത കിണറ്റിൽ വീണതുകണ്ട് ഭർത്താവ് മോഹനൻ ഉടൻ തന്നെ താഴെയിറങ്ങി പിടിച്ച് നിർത്തുകയായിരുന്നു.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുത്തൻകുരിശ് പൊലീസ് പട്ടിമറ്റം അഗ്നിരക്ഷാസേനയെ അറിയിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അനീസിന്റെ നേതൃത്വത്തിൽ എത്തിയ രക്ഷാസേന നെറ്റ്, കയർ എന്നിവയുടെ സഹായത്തോടെ ഇരുവരെയും സുരക്ഷിതമായി പുറത്തെടുത്തു.
ശാന്തയെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിൽ അഗ്നിരക്ഷാസേനാംഗങ്ങളായ രഞ്ജിത്, ബെന്നി മാത്യു, അനിൽകുമാർ, റെജിമോൻ, ഗഫൂർ, ശുഹൈബ്, വിജിത്ത്‌കുമാർ, അഖിൽദേവ്, അഭിജിത്ത്, ഷാനവാസ്, ഹോംഗാർഡ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.






