ബ്രസൽസ്: ബെൽജിയത്തിലെ ബഗ്ഗൻഹൗട്ടിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് ലോകത്തെ നടുക്കിയ സംഭവം ഉണ്ടായത്. ബഗ്ഗൻഹൗട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായിരുന്നു അപകടം.
സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ചിരുന്ന ബസാണ് ട്രെയിനുമായി കൂട്ടിയിടിച്ചത്. ബസിൽ ഏഴ് വിദ്യാർത്ഥികൾ, ഒരു സൂപ്പർവൈസർ, ഡ്രൈവർ എന്നിവർ ഉണ്ടായിരുന്നു. അപകടത്തിൽ നിരവധി പേർ മരിച്ചതായി ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടൂവെന്ന് പൊലീസ് അറിയിച്ചു. അപകടസമയത്ത് റെയിൽവേ ക്രോസിംഗിലെ ഗേറ്റുകൾ അടച്ച നിലയിലായിരുന്നുവെന്നും സിഗ്നൽ ലൈറ്റുകൾ ചുവപ്പായിരുന്നുവെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
ട്രെയിൻ ഡ്രൈവർ അടിയന്തര ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഗേറ്റുകൾ അടഞ്ഞിരിക്കെ ബസ് എങ്ങനെ ട്രാക്കിലേക്ക് കടന്നുവെന്ന കാര്യത്തിൽ പൊലീസും പ്രോസിക്യൂട്ടർ ഓഫീസും അന്വേഷണം ആരംഭിച്ചു.
അപകടത്തെ തുടർന്ന് ലണ്ടർസീലിനും ഡെൻഡെർമോണ്ടിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ പൂർണമായും തടസ്സപ്പെട്ടു. യാത്രക്കാരുടെ സൗകര്യാർത്ഥം ദേശീയ റെയിൽവേ അധികൃതർ പകരം ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.






