ന്യൂഡൽഹി: സുരേഷ് ഗോപിയുടെ തൃശ്ശൂർ ലോക്‌സഭാംഗത്വം ചോദ്യം ചെയ്ത ഹർജിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സുരേഷ് ഗോപി നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും സുപ്രീം കോടതി മറുപടി തേടി.
മതചിഹ്നങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നും വോട്ടർമാരെ സ്വാധീനിക്കാൻ സമ്മാനങ്ങൾ നൽകിയെന്നും ആരോപിച്ച് സിപിഐ നേതാവ് എഎസ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റും നിയമലംഘനം നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.
ഈ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും, കേസ് നിലനിൽക്കുന്നതാണെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി സുപ്രീം കോടതിയെ സമീപിച്ചത്. അദ്ദേഹത്തിനുവേണ്ടി സീനിയർ അഭിഭാഷകരായ ധാമ ശേഷാദ്രി നായിഡു, കെ. രാംകുമാർ എന്നിവരും അഭിഭാഷകരായ ബീനാ മാധവൻ, ബി.എൻ. ശിവശങ്കർ, വിഷ്ണു ബി. കുറുപ്പ് എന്നിവരും ഹാജരായി.






