കൊച്ചി: ശക്തമായ മഴയെ തുടർന്ന് നോർത്ത് പറവൂർ മാഞ്ഞാലിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. കരുമാല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ മാഞ്ഞാലി വ്യാകുലമാതാ പള്ളി സമീപം താമസിക്കുന്ന കുഴുവേലി കെ.കെ. ആന്റണിയുടെ വീട്ടിലെ കിണറാണ് തകർന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച വൈകുന്നേരമാണ് വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞുതാഴ്ന്നത്. കോൺക്രീറ്റ് റിങ് ഉപയോഗിച്ച് നിർമ്മിച്ചിരുന്ന കിണറാണ് അപകടത്തിൽ തകർന്നത്.
കുടുംബത്തിന്റെ ഏക ശുദ്ധജല സ്രോതസായിരുന്നു ഈ കിണർ. പൊതുവഴി സൗകര്യമോ പൈപ്പ് കണക്ഷനോ ഇല്ലാത്ത സാഹചര്യത്തിൽ കിണർ തകർന്നത് കുടുംബത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പഞ്ചായത്തിനെയും ജനപ്രതിനിധികളെയും അറിയിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. മഴക്കെടുതിയിൽ ഉണ്ടായ നഷ്ടത്തിന് സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ പുതിയ കിണർ നിർമ്മിക്കാൻ കഴിയൂവെന്നും കുടുംബം അറിയിച്ചു.






