തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിലും മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരേസമയം റെയ്ഡ് നടത്തുന്നതിനെതിരെ കനത്ത പ്രതിഷേധം അരങ്ങേറുകയാണ്. സംസ്ഥാനവ്യാപകമായി തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ പ്രവർത്തകരോട് സിപിഎം ആഹ്വാനം ചെയ്തു.
തിരുവനന്തപുരത്ത് ചേർന്ന പാർട്ടിയുടെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് ഇക്കാര്യം ഒഫീഷ്യലായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ, ലോക്കൽ മേഖലകളിലും വൻ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ മുഴുവൻ പാർട്ടി ബ്രാഞ്ചുകളിലും ഇന്ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനങ്ങൾ നടത്താനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.






