ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (SIR) നടപടിയെ ശരിവെച്ച് സുപ്രീംകോടതി. ഈ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്നതും കൃത്യമായ വോട്ടർ പട്ടിക ഒരുക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പുമാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എസ്.ഐ.ആർ. നടപടി നിലവിലെ നിയമങ്ങളെയോ ഭരണഘടനാ വ്യവസ്ഥകളെയോ ലംഘിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഈ നടപടി ഭരണഘടനാപരമായ ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നത് ഒരു വ്യക്തിയുടെ പൗരത്വം നിശ്ചയിക്കുന്നതല്ലെന്നും കോടതി പറഞ്ഞു. പൗരത്വം തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെങ്കിലും, വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തൽ സംബന്ധിച്ച് പരിമിതമായ പരിശോധന നടത്താൻ കമ്മീഷന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. എസ്ഐആർ നടപടി “പിൻവാതിലിലൂടെ പൗരത്വ പരിശോധന”യാണെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളും ഹർജിക്കാരുടെ ആരോപണങ്ങളും കോടതി തള്ളി.
വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ കമ്മീഷൻ സ്വീകരിച്ച നടപടികൾ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾക്ക് അനുസൃതമാണെന്നും, ലക്ഷ്യം യുക്തിസഹമാണെന്നും കോടതി വിലയിരുത്തി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഇത്തരം നടപടികൾ അനിവാര്യമാണെന്നും, പരാതി പരിഹാരത്തിനും പങ്കാളിത്തത്തിനും പ്രക്രിയയിൽ മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും വിധിയിൽ പറയുന്നു.






