തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ ഇഡി നടത്തിയ പരിശോധനയ്ക്കെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം ശക്തമായി. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിന് മുന്നിൽ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി.
പിണറായി വിജയന്റെ വീട്ടിലേക്ക് പ്രവർത്തകർ കൂട്ടമായി കടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ച പൊലീസിന്റെ ഹെൽമെറ്റ് ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞതായും വീടിനുള്ളിലേക്ക് കുപ്പികളും കല്ലുകളും എറിഞ്ഞതായും റിപ്പോർട്ടുണ്ട്. സുരക്ഷാ വളയം ഭേദിക്കാൻ നടത്തിയ ശ്രമമാണ് സംഘർഷത്തിന് കാരണമായത്.
തുടർന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും സ്ഥലത്തെത്തി പ്രവർത്തകരെ അനുനയിപ്പിച്ചതോടെ സ്ഥിതി നിയന്ത്രണവിധേയമായി.
സിഎംആർഎൽ മാസപ്പടി കേസിൽ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലും കണ്ണൂരിലെ സ്വന്തം വസതിയിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്.
പിണറായി വിജയനും മകൾ വീണ വിജയനും തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്നുവെന്നും ഇഡി സംഘം വീണയുടെ മൊഴിയെടുത്തതായും വിവരം. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്തയുടെ ആലുവയിലെ വീട്, സി.എം.ആർ.എൽ. ഓഫീസ്, വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ ബെംഗളൂരു ഓഫീസ് എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്.






