പാരീസ്: സ്കൂളുകളിലും ഡേകെയർ കേന്ദ്രങ്ങളിലും കുട്ടികൾക്ക് നേരെയുണ്ടായ അതിക്രൂര പീഡനാരോപണങ്ങളെ തുടർന്ന് ഫ്രാൻസിൽ വ്യാപക അന്വേഷണം. ശാരീരിക മർദനം, പട്ടിണിക്കിടൽ, ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പാരീസിലെ 84 പ്രീ സ്കൂളുകളും ഇരുപതിലധികം പ്രൈമറി സ്കൂളുകളും പത്തോളം ഡേകെയർ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രീ സ്കൂളുകളിൽ പഠിക്കുന്ന പ്രായം കുറഞ്ഞ കുട്ടികളാണ് നിരവധി ലൈംഗികാതിക്രമങ്ങൾക്ക് ഇരയായതെന്നാണ് റിപ്പോർട്ടുകൾ.
ഉച്ചഭക്ഷണ സമയം, കളിസമയം, കുട്ടികൾ ഉറങ്ങുന്ന സമയം, സ്കൂൾ കഴിഞ്ഞുള്ള പ്രവർത്തനങ്ങൾ എന്നിവ മേൽനോട്ടം വഹിക്കുന്ന സ്കൂൾ സഹായികളാണ് പല കേസുകൾക്കും പിന്നിലെന്നാണ് ആരോപണം. ദേശീയ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരിൽ നിന്ന് വ്യത്യസ്തമായി, തദ്ദേശ സ്ഥാപനങ്ങളാണ് ഇവരെ നിയമിക്കുന്നത്.
കുട്ടികളോട് അലറിവിളിക്കൽ, തലമുടിക്ക് പിടിച്ചുവലിക്കൽ, ഭക്ഷണം നിഷേധിക്കൽ, ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കൽ തുടങ്ങിയ ക്രൂരതകൾ നടന്നതായി മാതാപിതാക്കൾ ആരോപിച്ചു. രക്ഷിതാക്കളുടെ പരാതികൾ മാസങ്ങളോളം ഗൗരവമായി പരിഗണിക്കാൻ അധികൃതർ തയ്യാറായില്ലെന്നും കുട്ടികളുടെ കുടുംബങ്ങൾക്കായി ഹാജരാകുന്ന അഭിഭാഷകർ ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട ആദ്യ പ്രധാന വിചാരണ പാരീസ് കോടതിയിൽ ആരംഭിച്ചതോടെ പ്രതിഷേധം ശക്തമായി. ഡേവിഡ് ജി എന്ന് തിരിച്ചറിഞ്ഞ 36കാരനായ സ്കൂൾ സഹായി, മൂന്നും അഞ്ചും വയസ്സിനിടയിലുള്ള അഞ്ച് പ്രീ സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിചാരണ നേരിടുന്നത്. രണ്ട് വനിതാ സഹപ്രവർത്തകരെ ലൈംഗികമായി അപമാനിച്ചെന്ന കുറ്റവും ഇയാൾക്കെതിരെയുണ്ട്.
ആരോപണങ്ങൾ പ്രതി നിഷേധിച്ചെങ്കിലും കുട്ടികളുടെ മൊഴികൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്കൂൾ ചട്ടങ്ങൾ ലംഘിച്ച് കുട്ടികളെ മടിയിൽ ഇരുത്തിയതായി പ്രതി സമ്മതിച്ചെങ്കിലും ലൈംഗിക പീഡനാരോപണം നിഷേധിക്കുകയായിരുന്നു. കുറ്റക്കാരനായി കണ്ടെത്തിയാൽ പത്ത് വർഷം വരെ തടവും ഒന്നര ലക്ഷം യൂറോ പിഴയും ലഭിക്കാം.
കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും കോടതിക്ക് പുറത്ത് പ്രതിഷേധം നടത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാരീസ് മേയർ ഉറപ്പുനൽകി.
ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിനിടെ പാരീസിൽ 78 സ്കൂൾ സഹായികളെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ 31 പേർ ലൈംഗികാതിക്രമ കേസുകളിൽ സംശയിക്കപ്പെടുന്നവരാണ്.






