ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രാലയം അറിയിച്ചു.
28 വയസ്സുള്ള യുവതിയെ എബോള പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ച ശേഷം ഇന്ദിര നഗറിലെ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിക്ക് നേരിയ ശരീരവേദന ഒഴികെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രോട്ടോക്കോളിന്റെ ഭാഗമായി 48 മണിക്കൂറിന് ശേഷം വീണ്ടും പരിശോധന നടത്തും. ഇതുവരെ യുവതിയിൽ മറ്റ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് ബെംഗളൂരു ജില്ലാ സർജനും മെഡിക്കൽ സൂപ്രണ്ടുമായ അനിൽകുമാർ ബനാഗർ പറഞ്ഞു. ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. WHOയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.






