ബെംഗളൂരു: മൗണ്ട് എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ മരിച്ച ഹൈദരാബാദ് സ്വദേശിയായ ഐടി പ്രൊഫഷണൽ അരുൺ കുമാർ തിവാരിയുടെ മൃതദേഹം എവറസ്റ്റ് കൊടുമുടിയിൽ തന്നെ ഉപേക്ഷിക്കാൻ കുടുംബം തീരുമാനിച്ചു.
മലകയറ്റത്തോടുള്ള അദ്ദേഹത്തിന്റെ അതീവ ആസക്തിയും ഹിമാലയത്തെക്കുറിച്ചുള്ള ആത്മീയ വിശ്വാസങ്ങളും പരിഗണിച്ചാണ് കുടുംബത്തിന്റെ തീരുമാനം. ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെയുള്ള കുടുംബമാണ് ഈ തീരുമാനമെടുത്തത്.
മേയ് 21-ന് എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കിയ ശേഷം തിരിച്ചിറങ്ങുന്നതിനിടെയാണ് അദ്ദേഹം മരണപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 8,790 മീറ്റർ ഉയരത്തിലുള്ള ‘ഡെത്ത് സോൺ’ ഭാഗത്താണ് ആരോഗ്യനില വഷളായി മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, അപകടകരമായ സാഹചര്യങ്ങളും രക്ഷാപ്രവർത്തകരുടെ സുരക്ഷയും പരിഗണിച്ചാണ് മൃതദേഹം താഴേക്ക് കൊണ്ടുവരേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.






