ന്യൂ ചണ്ഡീഗഡ്: ഐപിഎല്ലിലെ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായി ഹൈദരാബാദ് ഇറങ്ങിയിട്ടുണ്ട്. പേസർ പ്രഫുൽ ഹിംഗെ ടീമിൽ തിരിച്ചെത്തി. രാജസ്ഥാൻ നിരയിലും മാറ്റമുണ്ടായി, രവീന്ദ്ര ജഡേജ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തി.
ലീഗ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങൾ ജയിച്ചാണ് രാജസ്ഥാൻ എലിമിനേറ്ററിന് യോഗ്യത നേടിയത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് പ്ലേ ഓഫ് എത്തിയത്. ആർസിബിയും ഗുജറാത്തും 18 പോയിന്റ് വീതം നേടിയെങ്കിലും നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് മൂന്നാമതായത്.
എലിമിനേറ്റർ തോൽക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇതിനിടെ ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിലേക്ക് യോഗ്യത നേടി.




