കൊച്ചി: അങ്കമാലിയിൽ സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ടര വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. അങ്കമാലി എയർപോർട്ട് ജംഗ്ഷൻ നഗർ 21-ലെ തെക്കിനേത്ത് സ്വദേശിനിയായ ഷാർമി (27) ആണ് മരിച്ചത്.
2023 ഓഗസ്റ്റ് 22ന് ദേശം കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. മനസമ്മത ചടങ്ങിനായുള്ള വസ്ത്രങ്ങൾ വാങ്ങാൻ എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടറിനെ മറികടക്കാൻ ശ്രമിച്ച ലോറി ഇടിച്ചതിനെ തുടർന്ന് ഷാർമിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അഞ്ച് മാസം ചികിത്സയിൽ കഴിഞ്ഞു. പിന്നീട് അബോധാവസ്ഥയിലായിരുന്ന ഷാർമിയുടെ ചികിത്സ വീട്ടിൽ തുടർന്നു വരികയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ സംസ്കാരം നടത്തി. ഷാജുവിന്റെയും ലില്ലിയുടെയും മകളാണ്. സഹോദരങ്ങൾ: ഷാബിൻ, ഷാലി.





