ആലപ്പുഴ: ശുചിമുറി മാലിന്യം കൊണ്ടുപോയ ടാങ്കർ ലോറി വിട്ടുനൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാറിനെ (54) കോട്ടയം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബുധനാഴ്ച വൈകിട്ട് വിജിലൻസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്.
ചേർത്തലയിലെ വാടകവീട്ടിൽ നടന്ന ഓപ്പറേഷനിടെ വിജിലൻസ് സംഘത്തെ കണ്ട അനിൽകുമാർ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പിന്നാലെയെത്തിയ ഉദ്യോഗസ്ഥർ പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വിജിലൻസിന്റെ വിവരമനുസരിച്ച്, ശുചിമുറി മാലിന്യം ശേഖരിച്ച് ചേർത്തല നഗരസഭയുടെ ശുദ്ധീകരണശാലയിൽ എത്തിക്കുന്ന കരാറുള്ള വാഹന ഉടമയ്ക്കു ആറു ടാങ്കർ ലോറികളുണ്ട്. ഡിവൈഎസ്പിയായി ചുമതലയേറ്റശേഷം അനിൽകുമാർ പരാതിക്കാരന്റെ വാഹനങ്ങൾ നിരന്തരം പിടിച്ചെടുക്കാറുണ്ടായിരുന്നു. എല്ലാ മാസവും 25,000 രൂപ നൽകിയാൽ വാഹനങ്ങൾ പിടികൂടില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ ആവശ്യമെന്ന് വിജിലൻസ് വ്യക്തമാക്കി.
വാഹന ഉടമ 15,000 രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും അനിൽകുമാർ അത് നിരസിച്ചു. കൊല്ലത്ത് വീടിന്റെ നിർമാണം നടക്കുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും 2 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി. പണം നൽകാതിരുന്നതിനെ തുടർന്ന് ഏപ്രിൽ 29-ന് പരാതിക്കാരന്റെ രണ്ട് വാഹനങ്ങളും വർക്ഷോപ്പിലുണ്ടായിരുന്ന മറ്റൊരു വാഹനവും ഡിവൈഎസ്പി നേരിട്ടെത്തി കസ്റ്റഡിയിലെടുത്തു. പിന്നീട് ഒരു മാസത്തിനുശേഷം മറ്റൊരു വാഹനവും പിടിച്ചെടുത്തു.
വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി ഡിവൈഎസ്പിയുടെ വാടകവീട്ടിലെത്തിയ ഉടമയോട് വീണ്ടും 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് ഓരോ മാസവും 25,000 രൂപ വീതം നൽകിയാൽ മതിയെന്ന് അറിയിച്ച് ഇയാളെ മടക്കിയയച്ചു. തുടർന്നാണ് വാഹന ഉടമ വിജിലൻസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഒരുക്കിയ കെണിയിലൂടെയാണ് ഡിവൈഎസ്പി പിടിയിലായത്.




