തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും. വൈകിട്ട് ആറുമണിവരെ ഹർത്താൽ തുടരുമെന്ന് നാട്ടുകാർ അറിയിച്ചു. മരിച്ചത് വൈശേരി പുല്ലേർകാട്ട് മോഹനൻ (65) ആണ്. ഇന്ന് രാവിലെ 10 മണിക്ക് ചാലക്കുടി–ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്നും നാട്ടുകാർ അറിയിച്ചു.
പുലർച്ചെ 2.45ഓടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കാട്ടാന ഇറങ്ങിയ വിവരം അറിഞ്ഞതിനെ തുടർന്ന് മോഹനൻ സ്ഥലത്തെത്തിയിരുന്നു. ആനയെ ഓടിക്കാൻ പന്തം കത്തിച്ച് ശ്രമിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിൽ മോഹനൻ ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പതിവായി കാട്ടാന ഇറങ്ങുന്ന മേഖലയായതിനാൽ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





