കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സൂർ ബീച്ചിൽ കുടുംബത്തോടൊപ്പം കടലിൽ കുളിക്കുകയായിരുന്ന 11 വയസ്സുള്ള ഒരു കുവൈത്തി പെൺകുട്ടിയെ സ്രാവ് ആക്രമിച്ചതായി റിപ്പോർട്ട്. പ്രദേശവാസികളും ദൃക്സാക്ഷികളും പറയുന്നതനുസരിച്ച്, ചെറിയ റീഫ് ഷാർക്കാണ് കുട്ടിയെ ആക്രമിച്ചതെന്ന് കരുതുന്നു.
സംഭവത്തിൽ കുട്ടിക്ക് പരിക്കേറ്റെങ്കിലും ജീവന് അപകടമില്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമണം നടന്നതോടെ ബീച്ചിലുണ്ടായിരുന്ന ആളുകൾ ഭയന്ന് കരയിലേക്ക് നീന്തി മാറി. അടിയന്തര സേവന വിഭാഗങ്ങളും ആംബുലൻസ് സംഘവും ഉടൻ സ്ഥലത്തെത്തി കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സാഹചര്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.






