കുവൈത്ത് സിറ്റി: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങിയെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കുവൈത്തിലെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 ടെർമിനൽ വഴിയാണ് തീർഥാടകരുടെ തിരിച്ചുവരവ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്ന് മുതൽ ആരംഭിക്കുന്ന സർവീസുകൾ രണ്ട് ദിവസം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യ വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 2.15ന് ടി4 ടെർമിനലിൽ എത്തും. അവസാന വിമാനം ഞായറാഴ്ച രാത്രി 9 മണിയോടെയായിരിക്കും എത്തുകയെന്നും അറിയിച്ചിട്ടുണ്ട്.
ഹജ്ജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി കുവൈത്ത് ഹജ്ജ് ക്യാമ്പുകൾ, സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികൃതർ, മറ്റ് സർക്കാർ ഏജൻസികൾ എന്നിവരുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
തീർഥാടകരെ നാട്ടിലെത്തിക്കുന്നതിനായി കുവൈത്ത് എയർവേയ്‌സ്, സൗദിയ, ഫ്‌ളൈനാസ് എന്നീ വിമാനക്കമ്പനികളാണ് സർവീസുകൾ നടത്തുന്നത്. തീർഥാടകരുടെ യാത്രയും വിമാനത്താവളത്തിലെ പരിശോധനകളും നടപടിക്രമങ്ങളും സുഗമമാക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.






