പാലക്കാട്: നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 വയസ്സുകാരി മരിച്ചു. നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ- അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്. മെയ് 14-ന് ഉച്ചയോടെയാണ് സംഭവം.
വീട്ടിൽ തനിച്ചിരിക്കുമ്പോൾ രാജേശ്വരിയെ മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതൃസഹോദരനും ഭാര്യയുമാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വായിൽ നുരയും പതയും വന്ന നിലയിലായിരുന്നു കുട്ടി.
ഉടൻ തന്നെ രാജേശ്വരിയെ നെന്മാറ സർക്കാർ ആശുപത്രിയിലും തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നെന്മാറ പഴയഗ്രാമം എൽ.എൻ.എസ്. യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു രാജേശ്വരി. കൃഷ്ണപ്രസാദാണ് സഹോദരൻ.






