പാലക്കാട്: ട്രെയിനുകൾ വഴിയുള്ള ലഹരി കടത്ത് തടയാൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 60 കിലോ കഞ്ചാവ് പിടികൂടി. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ നടന്ന പ്രത്യേക പരിശോധനയിലാണ് ഈ നേട്ടം. പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ.
ലഹരിവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളായ ബിറ്റി, മാർക്കോ എന്നിവയും സംഘത്തോടൊപ്പം പരിശോധനയിൽ പങ്കെടുത്തു. ജനറൽ കോച്ചുകളിൽ നിന്നാണ് പ്രധാനമായും കഞ്ചാവ് കണ്ടെത്തിയത്.
ഇതിനിടെ, കഴിഞ്ഞ ദിവസം ബംഗാൾ സ്വദേശിയായ ബിദാൻ ടൂരിയെ 8 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പുകയില ഉൽപന്നങ്ങൾ കൈവശം വച്ച 75 പേർക്കെതിരെ നടപടിയെടുത്തു. 250 പാക്കറ്റ് പുകയില ഉൽപന്നങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. ഉത്തരേന്ത്യയിൽ നിന്നുള്ള ട്രെയിനുകളിൽ നിന്നാണ് ഇത്തരം ലഹരിവസ്തുക്കളും പുകയില ഉൽപന്നങ്ങളും കൂടുതലായി കണ്ടെത്തുന്നതെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് റെയിൽവേ പൊലീസ് എസ്എച്ച്ഒ കെ.ജെ. പ്രവീൺ, എഎസ്ഐ ടി.സി. അനിൽകുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, ആർപിഎഫ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.






