കൊച്ചി: വാഴക്കുളത്തിന് സമീപം സംസ്ഥാന പാതയിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു. മൂവാറ്റുപുഴ നാസ് റോഡ് സ്വദേശിനി അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന അരി ലോറി, വാഴക്കുളം അഞ്ചാം മൈൽ ജംഗ്ഷന് സമീപത്ത് അനീഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു.
വീട്ടാവശ്യ സാധനങ്ങൾ വാങ്ങാനായി തൊടുപുഴയിലേക്ക് പോയതായിരുന്നു അനീഷ. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ അനീഷ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭർത്താവ്: മൂസ (റിയാദ്). മക്കൾ: ഹൈഫു ഫാത്തിമ, ഹാനി മൂസ, ഹാദി മൂസ. കബറടക്കം ഇന്ന് പേട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.






