ഇടതുപക്ഷ സഹയാത്രികനും മുൻമന്ത്രിയുമായ കെടി ജലീൽ സിപിഎം അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. 2006 മുതൽ നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീൽ, ആദ്യമായാണ് പാർട്ടി അംഗത്വത്തിനായി അപേക്ഷ നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മലപ്പുറം ജില്ലയിൽ ലീഗിന് മുകളിൽ ഒന്നും പറക്കില്ല എന്ന അവസ്ഥയുണ്ടായിരുന്ന കാലത്ത് ഇടതുപക്ഷത്തിന് ജീവവായു നൽകിയ നേതാവാണ് ജലീൽ. ലീഗിൽ നിന്ന് ബാലപാഠങ്ങൾ പഠിച്ച് ലീഗിനെ പൂട്ടിയ ചരിത്രമുള്ള ജലീൽ പിന്നീടിന്ന് വരെ ലീഗിന്റെ കണ്ണിലെ കരടാണ്.
ഇടതുപക്ഷത്തിന്റെ പ്രധാന ജനപ്രതിനിധിയായിരുന്നിട്ടും പല തവണ എംഎൽഎ ആയിരുന്നിട്ടും പാർട്ടി അംഗത്വമെടുക്കുന്ന കാര്യത്തിൽ ഇത്രയും കാലം കെ.ടി. ജലീൽ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മാറിയതാണ് പുതിയ തീരുമാനത്തിന് പിന്നിൽ. എം.എൽ.എ പദവി ഒഴിഞ്ഞതോടെ പാർട്ടിയുടെ ഔദ്യോഗിക വേദികളിലും തീരുമാനങ്ങളിലും സജീവമാകാൻ ജലീലിന് സംഘടനാപരമായ പദവികൾ അനിവാര്യമാണ്. പാർട്ടി അംഗമാകുന്നതോടെ കെ.ടി. ജലീലിന് സി.പി.എം കമ്മിറ്റികളിൽ നേരിട്ട് ഭാരവാഹിത്വത്തിലേക്ക് വരാൻ സാധിക്കും. നേരത്തെ മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാറിനെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് നേരിട്ട് ഉൾപ്പെടുത്തിയ മാതൃക ജലീലിന്റെ കാര്യത്തിലും മലപ്പുറത്ത് ഉണ്ടായേക്കും.
മലപ്പുറം ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കെ.ടി. ജലീലിനെ ഔദ്യോഗികമായി പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് സി.പി.എമ്മിനും വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ടി.കെ ഹംസ അടക്കമുള്ള മുതിർന്ന സി.പി.എം നേതാക്കൾ സജീവ പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ, മലപ്പുറത്ത് പാർട്ടിക്കായി ശക്തമായി വാദിക്കാനും പ്രസംഗിക്കാനും ജനങ്ങളെ സ്വാധീനിക്കാനും കെ.ടി. ജലീലിനെപ്പോലൊരു നേതാവിന്റെ സാന്നിധ്യം സി.പി.എമ്മിന് ആവശ്യമാണ്. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ കോട്ടകളിൽ ലീഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ജലീലിന്റെ വരവ് മലപ്പുറത്തെ സി.പി.എമ്മിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഇരിക്കെയാണ് പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് ജലീൽ പാർട്ടി വിടുന്നത്. പാർട്ടി വിട്ട ജലീലിനെ റാഞ്ചി 2006 ൽ ലീഗിലെ അതികായനായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് എൽഡിഎഫ് മത്സരിപ്പിച്ചത്. അതൊരു വിപ്ലവ തീരുമാനം തന്നെയായിരുന്നു. 8781 വോട്ടിനാണ് കുഞ്ഞാലിക്കുട്ടിയെ അന്ന് ജലീൽ അട്ടിമറിച്ചത്. അന്ന് മുതൽ ജലീൽ ലീഗിന് തലവേദനയായി മാറുകയായിരുന്നു. ആ പ്രതികാരമാണ് ഇത്തവണ ലീഗ് തീർത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആടിന്റെ തലയും മറ്റും കൊണ്ട് കാടമായ രീതിയിലുള്ള ആഘോഷം പറയും ജലീലിനെ ലീഗ് എത്രത്തോളം വെറുത്തിരുന്നു എന്നത്. മണ്ഡല പുനർനിർണയത്തിൽ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായതോടെയാണ് തവനൂരിലേക്ക് മാറുന്നത്.
മത്സരിച്ച ആദ്യ മൂന്നു തവണയും ജയിച്ചു കയറിയ ജലീലിന് നാലാം ഊഴത്തിൽ ഡിസിസി പ്രസിഡന്റ് വി.എസ് ജോയിക്ക് മുന്നിൽ അടിപതറുകയായിരുന്നു. എങ്കിൽ പോലും ഇത്തവണ മലപ്പുറം ലീഗ് തൂത്തുവാരുമ്പോഴും എന്തെങ്കിലും തരത്തിൽ ഒരു മത്സരം കാഴ്ച്ചവെച്ചത് ജലീൽ മാത്രമായിരുന്നു. ഒരുപക്ഷേ ലീഗിന് പോലും ഒരുവേള ആശങ്കയുണ്ടായിരുന്ന ഏക മണ്ഡലവും തവനൂർ മാത്രമായിരുന്നു. മലപ്പുറം ജില്ല കൗൺസിൽ അംഗമായും മലപ്പുറം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
1994 ൽ കാലികറ്റ് സർവകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കിയ ജലീൽ 2006 ൽ ഡോ. ടി. ജമാൽ മുഹമ്മദിന്റെ കീഴിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ ചരിത്ര അധ്യാപകനായിരുന്നു. മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ജലീലിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് യൂത്ത് ലീഗ് നേതൃത്വത്തിലുമെത്തി. മികച്ച പ്രഭാഷകനും സംഘാടകനുമായ അദ്ദേഹം കഴിഞ്ഞ കാലങ്ങളിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇടതിനൊപ്പം ഉറച്ച് നിന്നിരുന്നു.
2006ലെ അട്ടിമറിക്ക് ശേഷം പിന്നീട് 2011ലും, 1016ലും 2021ലും തവനൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2016-ലെ എൽ.ഡി.എഫ്. സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി. ബന്ധു നിയമനത്തിൽ ലോകായുക്തയുടെ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാറിന്റെ അവസാന സമയത്ത് രാജിവെച്ചിരുന്നു.
എൽ.ഡി.എഫ് സ്വതന്ത്രൻ എന്ന പദവിയിൽ നിന്ന് സി.പി.എമ്മിന്റെ ഔദ്യോഗിക രാഷ്ട്രീയത്തിലേക്ക് ജലീൽ ചുവടുവെക്കുമ്പോൾ, അത് മലപ്പുറത്തെയും ഒപ്പം കേരളത്തിലെയും രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചുവരാനുള്ള ജലീലിന്റെ ഈ തീരുമാനം വ്യക്തിപരമായ ഒരു രാഷ്ട്രീയ അതിജീവനത്തിനപ്പുറം, മലപ്പുറം ജില്ലയിൽ സി.പി.എമ്മിന്റെ സംഘടനാ അടിത്തറ ശക്തമാക്കാനുള്ള നീക്കം കൂടിയാണ്. ലീഗ് രാഷ്ട്രീയത്തിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്തിയ ചരിത്രമുള്ള ഈ ജനകീയ നേതാവ് പാർട്ടി അംഗത്വം സ്വീകരിച്ച് ഔദ്യോഗിക ഭാരവാഹിത്വങ്ങളിലേക്ക് എത്തുന്നതോടെ, മലപ്പുറത്ത് സിപിഎമ്മിന്റെ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചുതുടങ്ങും.






