കാൺപൂർ: വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ പരമാവധി ശേഷിയേക്കാൾ കൂടുതൽ അളവിൽ ഇന്ധനം നിറച്ച് ബില്ല് നൽകി ഉപഭോക്താവിനെ പറ്റിക്കാൻ ശ്രമിച്ച പെട്രോൾ പമ്പിനെ കയ്യോടെ പൊക്കി കാറുടമ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. 45 ലിറ്റർ മാത്രം ശേഷിയുള്ള കാറിന്റെ ടാങ്കിൽ 52 ലിറ്റർ പെട്രോൾ അടിച്ചതായി കാണിച്ച് ബില്ല് നൽകിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ജീവനക്കാരുമായി തർക്കിച്ചിട്ടും അവർ സമ്മതിക്കാതെ വന്നതോടെ കാറുടമ അധികൃതർക്ക് പരാതി നൽകുകയും ജില്ലാ ഭരണകൂടം ഇടപെടുകയും പമ്പിലെ ഇന്ധന വിതരണ യന്ത്രങ്ങൾ അടിയന്തരമായി പരിശോധിച്ച് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.
കാൺപൂർ സ്വദേശിയായ ചരൺ സിംഗാണ് തട്ടിപ്പിനിരയായത്. തന്റെ പുത്തൻ വോക്സ്‌വാഗൺ വിർട്ടസ് (Volkswagen Virtus) കാറുമായി അദ്ദേഹം പെട്രോൾ പമ്പിൽ എത്തിയതായിരുന്നു. പെട്രോൾ കുറവാണെന്ന് ഫ്യുവൽ ഇൻഡിക്കേറ്ററിൽ കണ്ടതിനെ തുടർന്ന് ഫുൾ ടാങ്ക് എണ്ണ അടിക്കാൻ പറയുകയായിരുന്നു. 2 ഘട്ടങ്ങളിലായി അടിച്ച് അവർ നിർത്തി. ശേഷം ബില്ല് കയ്യിൽ കിട്ടിയപ്പോഴാണ് ചരൺ സിംഗ് ഞെട്ടിയത്. 52 ലിറ്റർ പെട്രോൾ അടിച്ചതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയും തങ്ങളുടെ കപ്പാസിറ്റി 45 ലിറ്ററാണെന്ന് വ്യക്തമാക്കി. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പമ്പിൽ തട്ടിപ്പ് നടക്കുന്നതെന്ന് ആരോപിച്ച് ചരൺ സിംഗ് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.






