കോഴിക്കോട്: കൂടരഞ്ഞി സ്വദേശി മുഹമ്മദ് നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയതായി വെളിപ്പെടുത്തിയ കൊലപാതകത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. 1986 നവംബറിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനനാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഏകദേശം ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഹമ്മദിന്റെ വെളിപ്പെടുത്തൽ ശരിയാണെന്ന് കണ്ടെത്തിയത്.
14-ാം വയസ്സിലാണ് കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദ് പറഞ്ഞത്. നാല്‍പത് വർഷങ്ങൾക്ക് ശേഷം താൻ രണ്ട് കൊലപാതകങ്ങൾ നടത്തിയതായി വെളിപ്പെടുത്തിയ അദ്ദേഹം, തന്നെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കേരള പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞതിൽ വലിയ സമാധാനമുണ്ടെന്ന് മുഹമ്മദ് പ്രതികരിച്ചു. ചെയ്ത തെറ്റ് തിരിച്ചറിവുള്ള പ്രായത്തിൽ ഏറ്റുപറയുകയാണ് ചെയ്തതെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളയിൽ ബീച്ചിൽ നടന്ന മറ്റൊരു കൊലപാതകക്കേസിലും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് കൂട്ടിച്ചേർത്തു.
അതേസമയം, ഒരു വർഷം മുമ്പ് മുഹമ്മദിന്റെ സഹോദരൻ പൗലോസ്, മുഹമ്മദ് കൊലയാളിയല്ലെന്നും അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുണ്ടെന്നുമാണ് പറഞ്ഞിരുന്നത്.






