കൊച്ചി: എം.ജി റോഡിന് സമീപം വളഞ്ഞമ്പലത്തെ ജ്യൂസ് കടയിൽ കത്തിയുമായി അക്രമം നടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയെ ഭീഷണിപ്പെടുത്തുകയും കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മറ്റൊരു കടയുടമ നൽകിയ പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ എത്തിയ പൊലീസാണ് സമീപത്തെ ജ്യൂസ് കടയിൽ നടന്ന അക്രമത്തെക്കുറിച്ച് അറിഞ്ഞത്.
ആലപ്പുഴ സ്വദേശികളായ സച്ചിൻ (26), എ.എൽ. ബിച്ചു (26) എന്നിവരാണ് കടയിൽ എത്തി കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. കടയുടമയ്ക്ക് ഇവരെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് വിവരം. കടയ്ക്കുള്ളിൽ കത്തിയുമായി എത്തിയ സംഘം കൗണ്ടറിലും മറ്റ് സാധനങ്ങളിലുമെല്ലാം ആക്രമണം നടത്തി. കടയുടെ മുന്നിലുണ്ടായിരുന്ന മേശ മറിച്ചിടുകയും ചില്ലുപാത്രങ്ങൾ തകർക്കുകയും ചെയ്തു. തുടർന്ന് ഇരുവരും ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ എറണാകുളത്ത് നിന്ന് പിടികൂടി. അറസ്റ്റിലായ സച്ചിന് നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ബോംബേറ് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾക്കെതിരെ ലഹരിക്കേസ് ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.





