ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങളുടെ മാർക്ക് പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പോർട്ടൽ തുറന്നു. മാർക്ക് പരിശോധനയ്ക്ക് ഓരോ ഉത്തരക്കടലാസിനും 100 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 25 രൂപ വീതവും ഫീസ് അടയ്ക്കണം. അപേക്ഷയും ഫീസ് അടയ്ക്കലും ഓൺലൈനായാണ് നടത്തേണ്ടത്.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പോർട്ടലിൽ നൽകിയിരിക്കുന്ന നിർദേശ വീഡിയോ വിദ്യാർഥികൾ ശ്രദ്ധാപൂർവം കാണണമെന്ന് സിബിഎസ്ഇ അറിയിച്ചു. മാർക്ക് പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള ലിങ്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭിച്ച വിദ്യാർഥികൾക്കായി പോർട്ടൽ നേരത്തെ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ തീയതി മാറ്റുകയായിരുന്നു. പിന്നീട് ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പോർട്ടൽ തുറക്കുന്നതിലും വൈകി.
പരീക്ഷ എഴുതിയ 17.68 ലക്ഷം വിദ്യാർഥികളിൽ നാല് ലക്ഷത്തിലധികം പേർ ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്കാനിങ്ങുമായി ബന്ധപ്പെട്ട പിഴവുകൾ ചൂണ്ടിക്കാട്ടി നിരവധി വിദ്യാർഥികൾ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ, സിബിഎസ്ഇയുടെ സാങ്കേതിക വീഴ്ചകൾ വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുന്നതായി വിമർശനങ്ങളും ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുകയും ചെയ്തു.






