പട്‌ന: പട്‌നയിലെ ഒരു ഹോസ്റ്റൽ മുറിയിൽ നിയമ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീഹാറിലെ സമസ്തിപൂർ സ്വദേശിനിയായ വിദ്യാർഥിനിയെയാണ് ചൊവ്വാഴ്ച രാവിലെ സെക്രട്ടേറിയറ്റ് കോളനിയിലെ രാധേ കൃഷ്ണ ഹോസ്റ്റലിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (CLAT) തയ്യാറെടുക്കുകയായിരുന്ന വിദ്യാർഥിനി തിങ്കളാഴ്ച രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയതാണെന്ന് ഹോസ്റ്റൽ വാർഡൻ അറിയിച്ചു. അന്ന് പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തിന് തൊട്ടുമുമ്പ് വിദ്യാർഥിനി ഒരു സുഹൃത്തുമായി ഫോണിൽ സംസാരിച്ച് കരഞ്ഞിരുന്നതായി വിവരമുണ്ട്. സംഭാഷണത്തിനിടെ മാതാപിതാക്കൾ പോലും തന്നോട് സംസാരിക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാനസിക വിഷമത്തിലായിരുന്നുവെന്ന് സഹപാഠികളും പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്.
മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പൊലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.






