ന്യൂഡൽഹി: വിമാനത്താവളങ്ങൾക്കുള്ളിൽ അനുമതിയില്ലാതെ റീലുകൾ, ട്രാവൽ വ്ലോഗുകൾ, വീഡിയോകൾ എന്നിവ ചിത്രീകരിക്കുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ഡിജിസിഎ. വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിനായാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
പുതിയ നിർദേശപ്രകാരം, സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ, ബോർഡിങ് ഗേറ്റുകൾ, റൺവേ ബസുകൾ, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ആപ്രൺ മേഖലകൾ, മറ്റ് നിയന്ത്രിത പ്രവർത്തന മേഖലകൾ എന്നിവിടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ ചിത്രീകരണം നടത്താൻ പാടില്ല.
നിയമം ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാനും മൊബൈൽ ഫോണുകൾ, ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കാനും വ്യവസ്ഥയുണ്ട്. ഗുരുതര ലംഘനങ്ങൾ നടത്തുന്നവരെ ‘നോ-ഫ്ലൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തി വിമാനയാത്ര വിലക്കാനും പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു.
വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ, നിരീക്ഷണ ക്യാമറകളുടെ സ്ഥാനം, പ്രവർത്തന രീതി തുടങ്ങിയ വിവരങ്ങൾ യാദൃശ്ചികമായിപ്പോലും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുപോകുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് നടപടിക്ക് പിന്നിൽ.
തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെയോ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ദൃശ്യങ്ങൾ പങ്കുവെക്കുന്നവരുടെയോ പേര് ‘നോ-ഫ്ലൈ ലിസ്റ്റിലേക്ക്’ ശുപാർശ ചെയ്യാൻ വിമാനത്താവള അധികൃതർക്ക് അധികാരം നൽകിയിട്ടുണ്ട്. ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് താൽക്കാലികമായോ ആജീവനാന്തമായോ വിമാനയാത്ര വിലക്ക് ഏർപ്പെടുത്താനും സാധ്യതയുണ്ട്.
വിമാനത്താവളങ്ങൾക്കുള്ളിൽ നിന്ന് ട്രാവൽ റീലുകളും ‘ബിഹൈൻഡ് ദ സീൻസ്’ വീഡിയോകളും ചിത്രീകരിക്കുന്ന പ്രവണത സമീപകാലത്ത് വർധിച്ച സാഹചര്യത്തിലാണ് ഡിജിസിഎയുടെ പുതിയ നടപടി. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷാ വിവരങ്ങൾ പുറത്താകുന്നത് തടയുന്നതിനുമാണ് നിയന്ത്രണങ്ങൾ കർശനമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.






