അബുദാബി: ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരമാണ് മരിച്ചത്. ടിക്‌ടോക്കിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാളും മലയാളിയാണെന്നാണ് ലഭിക്കുന്ന വിവരം.
സംഭവസ്ഥലത്തെത്തിയ ഷാർജ പോലീസ് തെളിവുകൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമായി തുടരുകയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന് ശേഷമേ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളു.






