ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ ഉന്നയിച്ച വാദങ്ങൾ തള്ളി പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട്. ബസിന് നേരെ കല്ലേറുണ്ടായെന്ന ആരോപണം ഫോറൻസിക് പരിശോധനയിൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കേസിലെ പ്രധാന സാക്ഷികളുടെ മൊഴികൾ പ്രതികൾക്കെതിരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ കല്ലേറുണ്ടായെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ഫോറൻസിക് പരിശോധനയിൽ അതിന് തെളിവൊന്നും ലഭിച്ചില്ല. ബസിന് നേരെ കല്ലേറുണ്ടായിട്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി. ബസിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് മെക്കാനിക്കൽ എൻജിനീയറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മർദ്ദനത്തിനായി ഉപയോഗിച്ച ലാത്തി ഗുരുതര പരിക്കുകൾക്കും മരണത്തിനും വരെ കാരണമാകാമെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരിക്കേറ്റവർക്ക് തലയിലും കഴുത്തിലും ഒന്നിലധികം തവണ അടിയേറ്റതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 308-ാം വകുപ്പ് ചുമത്തിയിരിക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥന്റെ അടിയേറ്റ് എ.ഡി. തോമസിന്റെ തല പൊട്ടി രക്തം വാർന്ന ദൃശ്യങ്ങൾ വീഡിയോ തെളിവുകളിലുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേസിൽ തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ചില ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും എസ്ഐടി ആരോപിക്കുന്നു.
പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും അന്വേഷണം പൂർത്തിയാക്കാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. കേസിലെ തുടർനടപടികൾ കോടതി പരിഗണിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.






