തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ സംബന്ധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. ഗാർഡ് ഓഫ് ഓണർ അനാവശ്യ ആർഭാടമാണെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച മാറ്റങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നൽകിയത്.
പൊലീസിൽ നിലവിൽ അംഗബലം കുറവുള്ള സാഹചര്യത്തിൽ ഇത്തരം ഔപചാരിക ചടങ്ങുകൾ അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രം നടത്തണമെന്നും നിർദേശത്തിൽ പറയുന്നു. മുഖ്യമന്ത്രി ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിലെത്തുമ്പോഴാണ് സാധാരണയായി ഗാർഡ് ഓഫ് ഓണർ നൽകുന്നത്.
അതേസമയം, ഗാർഡ് ഓഫ് ഓണർ പൂർണമായി ഒഴിവാക്കാതെ ആർഭാടം കുറച്ച് തുടരാനുള്ള സാധ്യതയും പോലീസ് പരിഗണിക്കുന്നതായി സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ നിലവിലെ സുരക്ഷാ ക്രമീകരണങ്ങളിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്‌കോർട്ട് വാഹനങ്ങൾ, ആംബുലൻസ്, സ്പെയർ വാഹനം, സ്ട്രൈക്കർ ഫോഴ്‌സ് എന്നിവ ഉൾപ്പെടുന്നു. സുരക്ഷാ റിപ്പോർട്ടും ഔദ്യോഗിക പരിപാടികളുടെ സ്വഭാവവും അനുസരിച്ച് ഈ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്ന രീതിയാണ് നിലവിൽ പിന്തുടരുന്നത്.
മുഖ്യമന്ത്രിയുടെ യാത്രകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും, സുരക്ഷാ ക്രമീകരണങ്ങൾ പ്രായോഗികമായി പുനഃക്രമീകരിക്കണമെന്നും നേരത്തെ തന്നെ നിർദേശങ്ങൾ ഉയർന്നിരുന്നു.






