തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന് ആഗ്രഹം പങ്കുവെച്ച് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നാദിർഷായുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്.
“ഞാനൊരു സിനിമയെടുക്കണമെന്ന ആഗ്രഹത്തിൽ നിൽക്കുകയാണ്. പിതാവിന്റെ പേരിലുള്ള സിനിമയാകും, പിതാവിന്റെ ജീവിതയാത്ര പറയുന്ന സിനിമ. ഉമ്മൻചാണ്ടി എന്ന പേരിൽ തന്നെയാണ് ആഗ്രഹം.” ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ വേഷം ആര് ചെയ്യണമെന്ന ചോദ്യത്തിൽ ചാണ്ടി ഉമ്മൻ ആദ്യം പ്രതികരിച്ചില്ല. പിന്നീട്, “മമ്മൂട്ടി ഈ വേഷം ചെയ്താൽ നന്നാവുമെന്ന് തോന്നുന്നു” എന്ന് അദ്ദേഹം പറഞ്ഞു. സിനിമ, പിതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനാണ് ഒരുക്കം. പിതാവിന്റെ ലെഗസി ചരിത്രത്തിൽ രേഖപ്പെടുത്താനും സിനിമയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ ചാണ്ടി, “സിനിമകൾ കാണാറുണ്ട്, അഭിനയവും ആലോചിക്കാം. വേണമെങ്കിൽ വില്ലൻ റോളുകളും ചെയ്യാം. ആരെങ്കിലും വിളിച്ചാൽ ഉണ്ടാകും,” എന്ന് മറുപടി നൽകി. നാദിർഷായുടെ “താൻ വിളിച്ചാൽ വരുമോ?” എന്ന ചോദ്യത്തിന് ചാണ്ടി “വരും” എന്നാണ് ഉത്തരം നൽകിയത്.






