ഇടുക്കി: മറയൂർ-ഉടുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ കാട്ടാന വിരിക്കൊമ്പന്റെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ. ചിന്നാർ എസ് വളവിനും പൊങ്കനോട പാലത്തിനുമിടയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മറയൂരിൽ നിന്ന് ഉടുമൽപ്പേട്ടയിലേക്ക് യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രികനാണ് ആനയുടെ മുന്നിൽ അകപ്പെട്ടത്. റോഡരികിൽ നിന്നിരുന്ന വിരിക്കൊമ്പനെ മറികടന്ന് കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ആന പെട്ടെന്ന് തിരിഞ്ഞ് ബൈക്കിന് നേരെ പാഞ്ഞടുത്തത്.
അപകടം ഒഴിവാക്കാൻ യാത്രികൻ ബൈക്ക് റോഡിന്റെ താഴേക്ക് ഇറക്കിയെങ്കിലും വാഹനം മറിഞ്ഞു. തുടർന്ന് യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആന വീണ്ടും പിന്നാലെയെത്തിയെങ്കിലും ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇതിനിടെ യുവാവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു ബൈക്ക് യാത്രികനെ മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവർ സമയോചിതമായി പിന്തിരിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.






