തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതിയായ അഷ്കറിന്റെ ഉമ്മ. അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് നേരിൽ കണ്ടിട്ടുണ്ടെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞിന്റെ കൈ ഒടിഞ്ഞതിന് ശേഷം പോലും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും, ആഹാരം കഴിക്കാത്തതിനും കരയുന്നതിനും കുഞ്ഞിനെ തുടർച്ചയായി മർദിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. ഭക്ഷണം കഴിക്കാത്തതിന് കുഞ്ഞിനെ ചവിട്ടാറുണ്ടായിരുന്നുവെന്നും അതേ മർദനമാണ് മരണത്തിന് കാരണമായിരിക്കാമെന്നും അവർ പറഞ്ഞു.
അതേസമയം, ഒന്നരവയസ്സുകാരൻ അർഷിദ് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മർദനവും അതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് അന്വേഷണത്തിൽ, അഷ്കറും കുട്ടിയുടെ അമ്മ അഖിലയും ഒരുമിച്ച് താമസിക്കുന്നതിന് കുഞ്ഞ് തടസ്സമായി മാറിയതിനെ തുടർന്നാണ് പീഡനം തുടങ്ങിയതെന്നാണ് സംശയം. കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുന്നതുൾപ്പെടെയുള്ള അതിക്രൂര മർദനങ്ങൾ നടന്നുവെന്നും അമ്മ ഇത് തടയുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കുഞ്ഞിന്റെ രണ്ട് കൈകളും മുമ്പേ ഒടിഞ്ഞിരുന്നതായും, മരിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ “പടിയിൽ നിന്ന് വീണു” എന്നായിരുന്നു വിശദീകരണം നൽകിയിരുന്നത്. പക്ഷെ മർദ്ദനത്തിൽ കൈകള്‍ക്ക് പരിക്കേറ്റുവെന്നാണ് പൊലീസിന്റെ സംശയം.






