ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷനായി ബി കെ ഹരിപ്രസാദിനെ തെരഞ്ഞെടുത്ത് എഐസിസി. ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കെപിസിസിയിലേക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഹരിപ്രസാദിനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു കൊണ്ട് പ്രസ്താവന പുറത്ത് വിട്ടത്.
ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിൻ്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതിന് പിന്നാലെ ഹൈക്കമാന്‍ഡ് ഇടപെടലിലാണ് സിദ്ധരാമയ്യ അയഞ്ഞതും രാജി സമർപ്പിച്ചത്. തുടർന്ന് ചേർന്ന സിഎൽപി യോഗം ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.






