മലപ്പുറം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നസലിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട അപൂർവ ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് കണ്ടെത്തിയത്. ഈ ഇനം പാമ്പിന്റെ വിഷത്തിന് ആവശ്യമായ ആന്റിവെനം ഇന്ത്യയിൽ ലഭ്യമല്ലായിരുന്നുവെന്നാണ് വിവരം.
കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടിൽ വച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. കുടുംബം വിനോദയാത്രയ്ക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് സംഭവം. പുലർച്ചെ വീടിന് പുറത്തിറങ്ങിയ നസലിനെ പാമ്പ് കടിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസലിന്റെ മരണത്തിൽ പ്രദേശത്ത് ദുഃഖം നിറഞ്ഞിരിക്കുകയാണ്.






