ചെന്നൈ: പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറിയെന്ന് വ്യാജമായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ ഇളങ്കോവൻ സിബിഐയുടെ പിടിയിലായി. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ഔദ്യോഗിക സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഒരു ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥൻ മകന്റെ വിവാഹത്തിന് ഇളങ്കോവനെ ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസത്തിലേക്ക് ക്ഷണക്കത്ത് അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.






