ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അറിയിച്ചതായാണ് വിവരം. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് ഈ നീക്കം.
മന്ത്രിസ്ഥാനത്തിന്റെ തിരക്കുകൾ കാരണം സിനിമാ അഭിനയരംഗത്ത് സജീവമായി തുടരാൻ കഴിയുന്നില്ലെന്നും, അഭിനയ ജീവിതം തുടരാൻ താൽപര്യമുണ്ടെന്നും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന നിലപാട് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
ഈ മാസം പകുതിയോടെ കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും മുൻനിർത്തിയാണ് ബിജെപി മന്ത്രിസഭയിലും സംഘടനാ തലത്തിലും മാറ്റങ്ങൾ ആലോചിക്കുന്നത്.
പുനഃസംഘടനയിൽ 10 മുതൽ 12 വരെ വകുപ്പുകളിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ. റെയിൽവേ, ധനകാര്യം ഉൾപ്പെടെയുള്ള പ്രധാന മന്ത്രാലയങ്ങളിലും അഴിച്ചുപണി സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനമൊഴിയുന്ന സാഹചര്യമുണ്ടായാൽ, സി സദാനന്ദൻ മാസ്റ്റർ, അനിൽ ആന്റണി, കെ സുരേന്ദ്രൻ എന്നിവരിൽ ഒരാൾക്ക് മന്ത്രിസ്ഥാന സാധ്യത ലഭിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മന്ത്രിസഭയിൽ തുടരുമോ എന്നതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ജൂൺ 15-ന് ശേഷമായിരിക്കും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് അന്തിമ രൂപം നൽകുകയെന്നാണ് സൂചന.






