കണ്ണൂര്‍: മുന്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്തെത്തി. വ്യാജ പരാതി നൽകിയ വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി സ്വീകരിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തങ്ങളെ വധശ്രമം പോലുള്ള വകുപ്പുകൾ ചുമത്തിയത്. “ചെയ്യാത്ത കുറ്റത്തിന് 16 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു, ഭരണകൂട വേട്ടയാണ് നടന്നത്. നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാൻ പുതിയ സർക്കാർ ഇടപെടണമെന്ന് കേസില്‍ ജയിലിലായിരുന്ന കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അതുല്‍ എംസി പറഞ്ഞു.
ഫെബ്രുവരി 25-ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ, വീണാ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതായി ഗണ്‍മാന്റെ മൊഴി രേഖപ്പെടുത്തി. എന്നാൽ, പിന്നീട് വീണാ ജോര്‍ജ് പൊലീസില്‍ നൽകിയ മൊഴിയിൽ കഴുത്തിന് പരിക്ക് ഉണ്ടാകുന്നത് ഉന്തിലും തള്ളിലും നിന്നാണെന്ന് വ്യക്തമാക്കിയിരുന്നു.
കേസിൽ അറസ്റ്റിലായിരുന്ന അതുൽ എംസി, അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്‍, മുബാസ് സി അച്ച്, അഹമ്മദ് യാസീന്‍ എന്നിവർ നിലവിൽ ജാമ്യത്തിലാണ്. ജാമ്യം അനുവദിക്കുമ്പോൾ നിർണായക തെളിവുകൾ കണ്ടെത്താനായിട്ടില്ല എന്നും കോടതി വ്യക്തമാക്കി.






