മലപ്പുറം: വഴിക്കടവ്, പൂവത്തിപ്പൊയ്, ആനമറി പ്രദേശങ്ങളിൽ കാട്ടാനക്കുട്ടത്തിന്റെ ആക്രമണത്തിൽ രണ്ട് വീടുകളുടെ അടുക്കള ഭാഗങ്ങൾ ഭാഗികമായി തകർന്നു. കൃഷിയിടങ്ങളിലും വ്യാപക നാശം സംഭവിച്ചു. ആനമറിയിലെ മൊളയംപറമ്പിൽ സൈനബയുടെയും പുഞ്ചക്കൊല്ലി കുമാരദാസന്റെയും വീടുകളുടെ അടുക്കള കാട്ടാനക്കുട്ടം തകർത്തു. അരി, പഞ്ചസാര, മറ്റു പല ഭക്ഷ്യവസ്തുക്കളും ആനയെടുത്ത് നശിപ്പിച്ചു. കുമാരദാസന്റെ വീട്ടിലെ അടുക്കള രണ്ടാം തവണയാണ് കാട്ടാനകൾ നാശം വരുത്തുന്നത്.
പൂവത്തിപ്പൊയ് ഡീസന്‍റ് കുന്നിലെ അബ്ദുല്‍ ജലീലിന്‍റെ 500 ഓളം വാഴകൾ, രാമത്തുപറമ്പിൽ രാമചന്ദ്രന്‍റെ തെങ്ങ്, വാഴ, കമുക്, പുലിയോടന്‍ ജാഫറിന്‍റെ കമുക് എന്നിവയും കാട്ടാനകൾ നശിപ്പിച്ചു. പ്രദേശത്തെ നെല്ലിക്കുത്ത് വനാതിര്‍ത്തിയിലെ സോളാർ തൂക്ക് വേലികൾ കഴിഞ്ഞ മാസത്തെ കാറ്റിൽ വീണ് തകരുകയും, ആനകൾക്ക് ഇറങ്ങാനുള്ള വഴിയൊരുക്കുകയും ചെയ്തു. ആനമറിയിൽ 600 മീറ്റർ ദൂരം വേലി ഇപ്പോഴും പൂർത്തിയാക്കാത്തതും പ്രശ്നം സൃഷ്ടിച്ചു.
കൃഷിനാശം സംഭവിച്ച സ്ഥലങ്ങളിൽ നെല്ലിക്കുത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ. രാജേഷ് നേതൃത്വത്തിൽ വനപാലകർ നാശനഷ്ടം വിലയിരുത്തി. വനം വകുപ്പ് അറിയിച്ചതനുസരിച്ച്, സോളാർ തൂക്ക് വേലി നിർമ്മാണ പ്രവൃത്തി വെള്ളിയാഴ്ച ആരംഭിക്കുമെന്ന് അറിയിച്ചു.






