Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; എസ്‌ഐടി ആദ്യ യോഗം ചേർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: 2024 ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസിന്റെ തുടരന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ആദ്യ യോഗം ചേർന്നു. വെള്ളിയാഴ്ച നടന്ന യോഗത്തിൽ അന്വേഷണത്തിന്റെ തുടർനടപടികൾ ചർച്ച ചെയ്തു. കേസിൽ പ്രധാനമായി ഉയർന്നുവന്ന ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

റിബേഷിനൊപ്പം കേസിലെ ആദ്യ പ്രതിയായ സി.കെ. കാസിമിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും. അതേസമയം, വിവാദ സ്‌ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുക അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാണെന്ന് റൂറൽ എസ്.പി ടി. ഫറാഷ് വ്യക്തമാക്കി. പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയുടെ സമ്പൂർണ ഫലങ്ങൾ ഇതുവരെ ലഭിക്കാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

കാഫിർ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുക എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന വിഷയം. യുഡിഎഫാണ് സന്ദേശത്തിന് പിന്നിലെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. എന്നാൽ അന്വേഷണം സിപിഎം അനുകൂല വൃത്തങ്ങളിലേക്ക് നീങ്ങിയപ്പോഴാണ് കേസ് മുന്നോട്ട് പോകാതിരുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു. അതുകൊണ്ടുതന്നെ വിവാദ സന്ദേശത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തിയാൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ.

സന്ദേശം പ്രചരിപ്പിച്ച മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാഫലവും മെറ്റയിൽ നിന്ന് ലഭിക്കേണ്ട വിവരങ്ങളും അന്വേഷണത്തിൽ നിർണായകമാകും. ഇവ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതാണ് എസ്‌ഐടിയുടെ ആദ്യഘട്ട ദൗത്യം.

കേസിൽ പരാതിക്കാർ സിപിഎമ്മാണെങ്കിലും പ്രതിസ്ഥാനത്ത് മുസ്ലിം ലീഗും യുഡിഎഫുമാണ്. എന്നാൽ തുടരന്വേഷണത്തിനായി എസ്‌ഐടിയെ നിയോഗിച്ച സാഹചര്യത്തിൽ തങ്ങൾക്ക് ഭയപ്പെടാനൊന്നുമില്ലെന്നാണ് യുഡിഎഫ് നിലപാട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റ്യാടി എംഎൽഎയുമായ പാറക്കൽ അബ്ദുള്ളയാണ് കേസിന്റെ നിയമനടപടികൾക്ക് നേതൃത്വം നൽകിയത്. ഭരണമാറ്റത്തിന് ശേഷം ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് തുടരന്വേഷണം ആവശ്യപ്പെട്ടതും ഇദ്ദേഹമാണ്.

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ കെ.കെ. ശൈലജയെ ലക്ഷ്യമിട്ട് കാഫിർ പരാമർശം ഉൾപ്പെട്ട സ്‌ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചത്. തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. തുടർന്ന് സിപിഎം നേതാക്കളും പ്രവർത്തകരും ഇത് രാഷ്ട്രീയ പ്രചാരണായുധമാക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.

എന്നാൽ സന്ദേശം തന്റെ പേരിൽ വ്യാജമായി സൃഷ്ടിച്ചതാണെന്ന് മുഹമ്മദ് കാസിം പരാതിപ്പെട്ടതോടെയാണ് കേസിന്റെ ഗതി മാറിയത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് കാസിം ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് സന്ദേശം യഥാർത്ഥത്തിൽ പോസ്റ്റ് ചെയ്തത് കാസിമാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

തുടർന്നുള്ള അന്വേഷണത്തിൽ, സിപിഎം അനുകൂല സാമൂഹിക മാധ്യമ ഗ്രൂപ്പുകൾ വഴിയാണ് സ്‌ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതെന്ന് കണ്ടെത്തിയിരുന്നു. റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പങ്കുവെച്ച റിബേഷ് രാമകൃഷ്ണനെതിരെ യുഡിഎഫ് ആരോപണം ഉന്നയിച്ചെങ്കിലും, സന്ദേശം സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ ഫോണിൽ നിന്നല്ലെന്നും അത് അദ്ദേഹത്തിന് ലഭിച്ച ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഇനി ഈ ഘട്ടത്തിൽ നിന്നാണ് എസ്‌ഐടി അന്വേഷണം മുന്നോട്ടുപോകുന്നത്. വിവാദ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫും മുഹമ്മദ് കാസിംയും തുടക്കത്തിൽ തന്നെ ആവശ്യപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ, എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് കോടതി പോലും ചോദ്യം ചെയ്തിരുന്നു. പുതിയ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളാണ് ഇനി കേസിന്റെ ഗതി നിർണയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer