കല്‍പ്പറ്റ: വയനാട്ടില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മേപ്പാടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നാളെയും മറ്റന്നാളും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കരുത്. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രവര്‍ത്തിപ്പിക്കരുതെന്നും വയനാട്ടിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
വയനാട് അടക്കം അഞ്ച് വടക്കന്‍ ജില്ലകളില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ കനത്ത മഴയായിരിക്കും. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നാളെ യെലോ അലര്‍ട്ടുണ്ട്.






