ആലപ്പുഴ: കുറുപ്പംകുളങ്ങര അഞ്ജലി ഡ്രൈവിംഗ് സ്കൂൾ ഉടമ എ. സജീവ് കുമാർ കണ്ടെത്തിയ സ്വർണമാല ഉടമയ്ക്ക് തിരിച്ചുനൽകി മാതൃകയായി. പള്ളേച്ചിറ ശ്യാംകുമാറിന്റെ മകൻ റോക്കി ശ്യാമിന്റേതാണ് നഷ്ടപ്പെട്ട ഏകദേശം ഒരു പവനോളം വരുന്ന മാല.
വ്യാഴാഴ്ച വൈകിട്ട് ചേർത്തല റോക്കികവലയിൽ ഷണ്മുഖ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് സജീവ് കുമാറിന് മാല ലഭിച്ചത്. ഉടമയെ ഉടൻ കണ്ടെത്താനാകാത്തതിനെ തുടർന്ന് അദ്ദേഹം മാല ചേർത്തല പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയും മറ്റു മാർഗങ്ങളിലൂടെയും നടത്തിയ അറിയിപ്പിനെ തുടർന്ന് ഉടമയെ തിരിച്ചറിഞ്ഞു. മകനെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോഴാണ് മാല നഷ്ടപ്പെട്ടതെന്നും വീട്ടിലെത്തിയ ശേഷമാണ് വിവരം അറിഞ്ഞതെന്നും ശ്യാംകുമാർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ശ്യാംകുമാർ ചേർത്തല പൊലീസ് സ്റ്റേഷനിലെത്തി മാല തിരിച്ചുവാങ്ങി. ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫീസർ ബി. ഹേമന്ത് കുമാർ, സിവിൽ പൊലീസ് ഓഫീസർ കെ. പ്രമോദ് എന്നിവരുടെ സാന്നിധ്യത്തിലാണ് മാല കൈമാറ്റം നടന്നത്.






