മലപ്പുറം: കാലിക്കറ്റ് സർവകലാശാല പരിസരത്ത് എംഡിഎംഎ വിൽപന നടത്തിയിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ്, പുളിക്കൽ സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് എംഡിഎംഎയും വിൽപ്പനയ്ക്കായി ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കേരള പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ് നടന്നത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കായി ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന സംഘത്തിന്റെ ഭാഗമായിരുന്നു പ്രതികളെന്ന് പൊലീസ് അറിയിച്ചു.
പിടിയിലായ മുജീബ് റഹ്മാൻ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഏകദേശം 40 കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. ഡാൻസാഫ് സംഘവും തേഞ്ഞിപ്പാലം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.






