കേരള രാഷ്ട്രീയത്തിൽ കോളിളക്കങ്ങളേറെ സൃഷ്ടിച്ച കേസാണ് കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണം. ഒരുപക്ഷേ ഈയടുത്ത കാലതത് സിപിഎമ്മിനെ സമ്മർദത്തിലാക്കിയ വിഷയങ്ങളിൽ മുൻപന്തിയിൽ തന്നെ കാണും ഈ കേസ്. ഈ കേസ് സിബിഐ ഏറ്റെടുക്കുന്നതുമായി സംബന്ധിച്ചാണ് കേരള രാഷ്ട്രീയത്തിൽ ചർച്ചകൾ നടക്കുന്നത്. അന്വേഷണം സി.ബി.ഐ. ഏറ്റെടുത്താൽ വീണ്ടും രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അതിടയാക്കുമോയെന്നത് സംസ്ഥാനം ഉറ്റുനോക്കുന്ന വിഷയമാണ്. നീതിതേടിയുള്ള കുടുംബത്തിന്റെ നിരന്തരശ്രമങ്ങൾക്കൊടുവിലാണ് അന്വേഷണം സി.ബി.ഐ.ക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ തള്ളിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ജില്ലാകമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതി. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന ആരോപണ-പ്രത്യാരോപണങ്ങൾ സ്വാഭാവികമായും സി.ബി.ഐ.യുടെ അന്വേഷണപരിധിയിലുണ്ടാകും. ഏതിലൊക്കെയാകും അന്വേഷണം കേന്ദ്രീകരിക്കുക, കൂടുതൽ പ്രതികളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിലാണ് ആകാംക്ഷ.
സംഭവം പാർട്ടിയെയും സർക്കാരിനെയും ഉലച്ചപ്പോൾ ദിവ്യക്കെതിരേ നടപടിയെടുത്ത് തള്ളിപ്പറഞ്ഞ പാർട്ടി നേതൃത്വം പക്ഷേ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറാനുള്ള നീക്കമുണ്ടായപ്പോൾത്തന്നെ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് എതിർത്തത് ശ്രദ്ധയായിരുന്നു. പാർട്ടി എന്തിന് സിബിഐയെ ഭയക്കുന്നു എന്നതായിരുന്നു പ്രധാന ചോദ്യം. ഇത് ചർച്ചയായതോടെ സി.പി.എമ്മിന് സി.ബി.ഐ.യെ ഭയക്കേണ്ട കാര്യമില്ലെന്ന് വിശദീകരിച്ച് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് രംഗത്ത് വന്നിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി. റെയ്ഡുമായി ചേർത്തുവെച്ചാണ് സി.ബി.ഐ.യെയും സി.പി.എം. എതിർക്കുന്നത്. മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളോട് അമിതപ്രേമം കാണിക്കുകയാണെന്നാണ് ആരോപണം. പക്ഷേ ഇങ്ങനെ പരോക്ഷമായി സഹായിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സി.ബി.ഐ. വന്നാലും ദിവ്യക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങാൻ സി.പി.എം. തയ്യാറാകില്ലെന്നു തന്നെയാണ് കരുതുന്നത്.
CBI വന്നാൽ എന്തൊക്കെ അന്വേഷിക്കും
കേസ് സിബിഐക്ക് കൈവരുന്നതോടെ നിലവിലെ പോലീസ് അന്വേഷണത്തിൽ ഉയർന്നുവന്ന പല വീഴ്ചകളും വീണ്ടും പരിശോധിക്കപ്പെടും. കുടുംബം ഉന്നയിക്കുന്ന പ്രധാന സംശയങ്ങൾ ഇവയാണ്:
മരണത്തിലെ ദുരൂഹതകൾ: നവീൻ ബാബുവിന്റെ ഇൻക്വസ്റ്റ് തിടുക്കത്തിൽ പൂർത്തിയാക്കിയതും, അടിവസ്ത്രത്തിൽ കണ്ടെത്തിയ രക്തക്കറ പോലീസ് വേണ്ടത്ര ഗൗരവത്തോടെ അന്വേഷിക്കാത്തതും സി.ബി.ഐ.യുടെ പ്രധാന അന്വേഷണ പരിധിയിൽ വരാം.
ഗൂഢാലോചനയും ബിനാമി ഇടപാടുകളും: നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉയർന്ന പെട്രോൾ പമ്പിന് പിന്നിൽ ഉന്നതരുടെ ബിനാമി ഇടപാടുകളുണ്ടോ എന്ന് പരിശോധിക്കപ്പെടും.
വ്യാജ പരാതികൾ: മരണത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിക്ക് ലഭിച്ചുവെന്ന് പറയപ്പെടുന്ന പരാതിക്ക് പിന്നിലെ യഥാർത്ഥ സൂത്രധാരൻ ആരാണെന്നതും അന്വേഷണവിധേയമാകും.
സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം. നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണമുയരാൻ കാരണമായ പെട്രോൾ പമ്പ്, ബിനാമി ഇടപാടാണോ ആണെങ്കിൽ അതിനുപിന്നിൽ ആരൊക്കെയാണുള്ളത്, നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രിക്ക് നൽകിയെന്ന് അവകാശപ്പെട്ട പരാതി തയ്യാറാക്കിയത് ആരാണ് തുടങ്ങിയ ചോദ്യങ്ങൾ കുടുംബം ഉന്നയിച്ചിരുന്നു.
പോലീസ് അന്വേഷണം നിഷ്പക്ഷമല്ലെന്ന കുടുംബത്തിന്റെ ആക്ഷേപങ്ങൾക്ക് സി.ബി.ഐ. അന്വേഷണം ഒരു പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, മരണത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിലൂടെ വ്യക്തത വരും. വരും ദിവസങ്ങളിലെ നിയമപരമായ നീക്കങ്ങളും കേന്ദ്ര സർക്കാരിന്റെ തീരുമാനവും കേരള രാഷ്ട്രീയത്തിലെയും ഈ കേസിലെയും നിർണായക വഴിത്തിരിവായി മാറും.






