കൊച്ചി: ഭർത്താവുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാർ മോഷ്ടിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. വേങ്ങൂർ അരുവപ്പാറ ഈട്ടുങ്കൽ പടി വീട്ടിൽ വിജയൻ (68), പ്ലാച്ചേരി വീട്ടിൽ അലൻ (26), മഞ്ഞാക്കൽ വീട്ടിൽ രാജൻ (61), മേക്കപ്പാല മാലിക്കുടി വീട്ടിൽ ബേസിൽ ജോർജ് (30), കോട്ടപ്പടി പ്ലാമുട്ടി മാലിയിൽ വീട്ടിൽ ആഷിൽ (25) എന്നിവരാണ് അറസ്റ്റിലായത്.
മുവാറ്റുപുഴ ഈസ്റ്റ് മാറാടി ഭാഗത്തെ വീട്ടിലാണ് സംഭവം നടന്നത്. ഈ മാസം നാലാം തീയതി വൈകിട്ട് 4 മണിയോടെ വീട്ടിൽ കയറിയ സംഘം വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും പോർച്ചിൽ കിടന്ന കാർ കവർന്നു കടന്നു കളഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായുള്ള സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക കണ്ടെത്തൽ.
മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണ സംഘത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






