പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ നഗരമുടനീളം ഫ്ലക്സ് ബോർഡുകൾ. ദളിത് രക്ഷാസമിതി നേതൃത്വത്തിലാണ് ഈ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഫ്ലക്സ് ബോർഡുകളിൽ “പാലക്കാടിന് അപമാനം” എന്ന വാചകമാണ് ഫ്ലക്സ് ബോർഡിലുള്ളത്.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് എസ്.സി/എസ്.റ്റി. കോടതി പ്രശോഭിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്ര ഗുരുതരമായ കുറ്റകൃത്യത്തിന് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.
ഇക്കഴിഞ്ഞ മാർച്ച് 27-ന് പ്രശോഭിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നിരുന്നു. ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം നടിച്ച ശേഷം പ്രതി യുവതിയുടെ താമസസ്ഥലത്ത് അനധികൃതമായി കയറി ബലാത്സംഗം നടത്തിയതായും, ഉന്നത കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന ഭീഷണിയും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലക്കാട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഒളിവിലായിരുന്നെങ്കിലും മെയ് 27-ന് ടൗൺ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
ഈ കേസിന് പിന്നാലെ പ്രശോഭിനെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. ജയിലിൽ കഴിയുന്നതിനാൽ കൗൺസിൽ യോഗങ്ങളിൽ നിന്ന് അവധി അനുവദിക്കണമെന്ന് പ്രശോഭ് മുൻസിപ്പാലിറ്റി കൗൺസിലിന് കത്ത് നൽകി. പ്രശോഭ് കുന്നത്തൂര്‍മേട് വാർഡിലെ കൗൺസിലറാണ്.






