കൊച്ചി: രാസലഹരി കേസിൽ സാക്ഷിയായ യുവതിയുടെ ചിത്രം പ്രതിയെന്ന രീതിയിൽ പുറത്തുവിട്ട എക്സൈസ് നടപടിക്കെതിരെ വിവാദം ശക്തമാകുന്നു. സംഭവത്തിൽ യുവതി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. ഇതോടെ വിഷയം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് അധികൃതർ.
ഈ മാസം 5-ന് നടത്തിയ ലഹരി പരിശോധനയ്ക്ക് പിന്നാലെ പുറത്തുവന്ന വീഡിയോയിലാണ് സാക്ഷിയായ യുവതിയുടെ ദൃശ്യങ്ങൾ ഉൾപ്പെട്ടത്. ചേരാനെല്ലൂരിലെ സ്വകാര്യ ഹോട്ടലിന്റെ മാനേജരായ യുവതിയുടെ ചിത്രമാണ് പിന്നീട് പ്രതിയുടേതെന്ന രീതിയിൽ പ്രചരിച്ചത്.
ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 110.73 ഗ്രാം രാസലഹരിയും 1.85 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഹോട്ടൽ മാനേജരായ യുവതിയും ക്യാമറയിൽ പതിഞ്ഞത്.
വീഡിയോ പ്രചരിച്ചതോടെ യുവതിയെ കേസിലെ പ്രതിയാണെന്ന് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. ഇതേത്തുടർന്ന് കുടുംബത്തിലും സാമൂഹിക തലത്തിലും ബുദ്ധിമുട്ടുകൾ നേരിട്ടതായാണ് പരാതി. താൻ കേസിലെ പ്രതിയല്ലെന്നും സാക്ഷി മാത്രമാണെന്നും വ്യക്തമാക്കുന്നതിനും നിരപരാധിത്വം പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കുന്നതിനുമാണ് യുവതി പരാതി നൽകിയത്.






